വയനാട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ പ്രതികരണവുമായി
മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെയുള്ള പ്രതികരണം.
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവന്ന് പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി.
താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ എത്തിയതാണ്. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ കീഴടങ്ങുമെന്നും ഇയാൾ പറഞ്ഞു.
മുപ്പതോളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ട്. എഗ്രിമെന്റ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവാദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞു.